Monday, November 3, 2008

വിത (കവിത)

അച്ഛനെന്നെയും നെല്ലും വിതച്ചു,
അമ്മയുരുകിയൊലിച്ചു നനച്ചു,
നെല്‍ക്കളയു,മെന്‍ കുളിരും കളഞ്ഞു...
ചെടി, കതിരു കൊടുത്തവരെയൂട്ടി,
ഞാനൊരു കവിതക്കുഴലിലൂടൂതി...

Friday, October 17, 2008

മഞ്ഞു പുണര്‍ന്ന പനയോലകള്‍ (A romantic thought)


ഉഷ്ണം..............
ഉടുപ്പഴിഞ്ഞ സിരകളിലേക്ക്....ദാഹാര്‍‌ത്തമായ്
പൊഴിഞ്ഞിറങ്ങിയ രൗദ്ര താളങ്ങളില്‍ നിന്ന്.......
പ്രണയ ദാഹിയായ കോടമഞ്ഞ്.....
കേശഭാരമഴിച്ച്, മദോന്മത്തയായ്......
മരുപ്രവിശ്യയിലെ പനഞ്ചീന്തുകളിലേക്ക് .....
നൂപുര ധ്വനികളുയര്‍ത്തിക്കൊണ്ട്...
കടന്നുവരികയാണ്.....................
ഇനി,പ്രണയാതുരമായ മഞ്ഞിന്റെ
മലഞ്ചെരുവുകളിലേക്ക്,
അതിന്റെ നിമ്നോന്നതങ്ങളിലേക്ക്........
ഊളിയിടുന്ന പ്രവാസത്തിന്റെ ശൈത്യപ്രഭാതങ്ങള്‍....................
പൂവിളിയും കിളിനാദവുമില്ലാത്ത....
നിന്റെ പാദസരക്കിലുക്കമില്ലാത്ത,
കണ്ണുകളിലെ കുന്നിമണികളില്ലാത്ത,
ചുണ്ടുകളിലെ പാല്‍ക്കനവുകളില്ലാത്ത......
മഞ്ഞേറ്റ ഉദയങ്ങള്‍....
ഋതുപ്പകര്‍ച്ചയില്‍ മഞ്ഞില്‍ച്ചുരുളുന്ന
പ്രവാസത്തിന്റെ ഇടനാഴികളിലെവിടെയോ.....
ഒരു നേര്‍ത്ത വളകിലുക്കം പോലെ
നിന്റെ ദലമര്‍മ്മരങ്ങള്‍......
ഇല്ല....അതകലെയാണ്....
ഏഴാം കടലിനും മാമലകള്‍ക്കുമപ്പുറത്ത്.....
എങ്കിലും, നിന്റെ കണ്ണിലെ സൂര്യതേജസ്സ്
നിനവുകളിലേറ്റുവാങ്ങി..........
ഞാനീ മഞ്ഞിന്റെ ചിറകുകള്‍ക്കുള്ളിലലിയാം....
ഇനിയും കാണാമെന്ന പ്രതീക്ഷയോടെ....
കാത്ത്.........കാത്ത്...........
പ്രവാസത്തിന്റെ നേര്‍ച്ചാലിലൂടെ..........

Friday, October 10, 2008

ബൂലോഗ കുടുംബത്തിലെ ഒരു നവാതിഥി

ഞാന്‍ ബിജുരാജ്.....
ജീവിതനൈരന്തര്യത്തിനിടയില്‍ അതിജീവനത്തിനായി
ഏഴാം കടലും കടന്ന് അറേബ്യന്‍ മണലാരണ്യത്തിലേക്ക്
പറിച്ചു നടപ്പെട്ട് അരു പ്രവാസി.....
സംഗീതത്തെയും ചിത്രകലയെയും ഫോട്ടോഗ്രാഫിയെയും അളവറ്റ്
സ്നേഹിക്കുന്ന ഒരു കാവ്യതീര്‍ത്ഥാടകന്‍.....
അനന്തമായ യാത്ര തുടരുകയാണ്
വഴിയിലൊരു പാഥേയമായി നിങ്ങളുടെ സൗഹൃദം കാംക്ഷിച്ചുകൊണ്ട്
ബൂലോഗ കുടുംബത്തിലെ ഒരു നവാതിഥി.......
ഹൃദയപൂര്‍‌വ്വം.................